This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രം

Gestalt Psychology

1910-കളില്‍ ജര്‍മനിയില്‍ രൂപംകൊണ്ട ഒരു മനഃശാസ്ത്ര ശാഖ. ഒരു സംവേദനത്തില്‍ അതിന്റെ വിഭിന്ന ഘടകങ്ങളുടെ ആകെത്തുകയെക്കാളേറെ അപഗ്രഥനാതീതമായ എന്തോ ഉണ്ട് എന്നതാണ് ഈ മനഃശാസ്ത്ര സമീപനരീതിയുടെ മുഖ്യസങ്കല്പനം.

ഗെസ്റ്റാള്‍ട്ട് സിദ്ധാന്തങ്ങളുടെ വേരുകള്‍ പുരാതന ഗ്രീക് തത്ത്വചിന്തകളില്‍ കാണാവുന്നതാണ്. ഉദാഹരണമായി രുചികളുടെയും മണങ്ങളുടെയും അനുഭവത്തെ ഘടകങ്ങളായി തിരിക്കാന്‍ പറ്റില്ലെന്ന് ചില ഗ്രീക് ചിന്തകന്മാര്‍ മനസ്സിലാക്കിയിരുന്നു. ചില സാധനങ്ങള്‍ നാം രുചിച്ചു നോക്കുമ്പോഴുണ്ടാകുന്ന അനുഭവം അതിന്റെ മണത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു. മൂക്ക് അടച്ചു പിടിച്ചുകൊണ്ട് സാധനങ്ങള്‍ രുചിച്ചുനോക്കിയാല്‍ അവ ഏതാണെന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടാകും. അതുപോലെ വിഭിന്ന വസ്തുക്കള്‍ ചേര്‍ത്തുണ്ടാകുന്ന ആഹാരസാധനങ്ങള്‍ രുചിച്ചു നോക്കുമ്പോഴുണ്ടാക്കുന്ന അനുഭവം ഘടകപദാര്‍ഥങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമുള്ള അനുഭവങ്ങളുടെ ആകെത്തുക മാത്രമല്ല. ഉദാഹരണമായി പായസം കഴിച്ചിട്ടില്ലാത്ത ഒരാള്‍ക്ക് പായസത്തിന്റെ ചേരുവകള്‍ പ്രത്യേകം പ്രത്യേകം രുചിച്ച് പായസത്തിന്റെ രുചി വ്യക്തമായി ഊഹിക്കാന്‍ പറ്റില്ല. അതുപോലെ മൊത്തത്തിലുള്ള ഒരു അനുഭവത്തില്‍ നിന്നു മാത്രം ഘടകങ്ങളുടെ വേറെ വേറെയുള്ള അനുഭവങ്ങള്‍ എങ്ങനെയായിരിക്കുമെന്നു സങ്കല്പിക്കാനും സാധ്യമല്ല.

ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്ര പെരുമാറ്റ പഠനങ്ങളില്‍ യാന്ത്രികമായ അപഗ്രഥനത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാണിക്കുന്നു. സംവേദനത്തെ (perception)പ്പറ്റിയുള്ള പഠനങ്ങളിലാണ് അപഗ്രഥനത്തിന്റെ പോരായ്മ എളുപ്പം വ്യക്തമാകുന്നത്. ഇന്ദ്രിയോത്തേജനം വെറും പച്ച അനുഭവമാണ്. സംവേദനം അര്‍ഥം കൂടെ ഉള്‍ക്കൊള്ളുന്നു. നമ്മുടെ പൂര്‍വാനുഭവങ്ങള്‍ ഇന്ദ്രിയോത്തേജനത്തിലെ ഘടകങ്ങളുടെ പരസ്പരബന്ധങ്ങള്‍, ചുറ്റുമുള്ള മറ്റനുഭവങ്ങള്‍ ഇവയെല്ലാം സംവേദനത്തെ സ്വാധീനിക്കുന്നു. തലച്ചോറിന്റെ ഘടന, തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍, ഉത്തേജനം തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഇവയെല്ലാം സംവേദനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്നു കരുതപ്പെടുന്നു. അടുത്തടുത്തുള്ള മൂന്നു കുത്തുകള്‍ നാം ഒരു ത്രികോണമായോ നേര്‍വരയായോ കാണുന്നു. ഓരോ കുത്തും പ്രത്യേകമായിട്ടല്ല. നേരെമറിച്ച് മറ്റു രണ്ടു കുത്തുകളുമായുള്ള ദൂരം, ആപേക്ഷിക സ്ഥാനം ഇവയോടു ബന്ധപ്പെടുത്തിയാണ് നാം കാണുന്നത്: ഇന്ദ്രിയോത്തേജനങ്ങള്‍ സ്വയം ക്രമീകരിക്കപ്പെട്ട് സംവേദനമായിത്തീരുന്നു. മൊത്തത്തിലുള്ള രൂപം എന്നാണ് ഗെസ്റ്റാള്‍ട്ട് എന്ന വാക്കിന്റെ അര്‍ഥം. ഒരു സംവേദനത്തിലെ ഓരോ ഘടകത്തിനും മൊത്തത്തിലുള്ള രൂപത്തിന്റെ ഒരു അംശം ലഭിക്കുന്നു. അതേ സമയം ഓരോ ഘടകവും മൊത്തത്തിലുള്ള അനുഭവത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഉദാഹരണമായി ഒരേ സ്വരം വിഭിന്ന രാഗങ്ങളില്‍ വ്യത്യസ്തമായ അനുഭവങ്ങളാണ് ഉളവാക്കുന്നത്. അതേ സമയം ഒരേ രാഗം വിഭിന്ന ശ്രുതികളില്‍ ഒരേ അനുഭവം ജനിപ്പിക്കുകയും ചെയ്യുന്നു.

ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രജ്ഞന്മാര്‍ പരീക്ഷണശാലയില്‍ വച്ചു നിരവധി പരീക്ഷണങ്ങളിലൂടെ ഗെസ്റ്റാള്‍ട്ട് തത്ത്വങ്ങള്‍ നിരീക്ഷണവിധേയമാക്കി. പരീക്ഷണത്തിന് വിധേയരാക്കപ്പെട്ട വ്യക്തികളുടെ പ്രതികരണങ്ങള്‍, അവരുടെ വിവരണങ്ങള്‍, അവര്‍ നല്കിയ വിവരങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രത്തിനു രൂപം നല്കിയത്.

സംവേദനങ്ങള്‍ ഏറ്റവും അര്‍ഥവത്തും (law of pragnanz) ലളിതവും ചിട്ടയുള്ളതുമായിരിക്കുമെന്ന് പരീക്ഷണങ്ങളില്‍ തെളിയപ്പെട്ടു. ഈ തത്ത്വങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ചില പരികല്പനകളും മാതൃകകളും ഉപയോഗിച്ച് വിശദീകരിക്കാന്‍ ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രജ്ഞന്മാര്‍ ശ്രമിച്ചു. ഇന്ദ്രിയോത്തേജനം തലച്ചോറില്‍ വൈദ്യുതതരംഗങ്ങള്‍ ഉണ്ടാക്കുമെന്നും, വിഭിന്ന ഉത്തേജനങ്ങള്‍ ഉളവാക്കുന്ന തരംഗങ്ങളില്‍ പ്രതിപ്രവര്‍ത്തിക്കുമെന്നും ഇപ്രകാരമുള്ള വൈദ്യുത പ്രവര്‍ത്തനത്തിന്റെ ക്രമീകരിക്കപ്പെടുന്ന രീതിയാണ് നാം ബാഹ്യലോകത്ത് അടുക്കും ചിട്ടയുമൊക്കെ കാണാന്‍ കാരണമെന്നും അവര്‍ സിദ്ധാന്തിച്ചു.

മാക്സ് വെര്‍ട്ട്ഹൈമെര്‍ (Max werthimer) എന്ന ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രജ്ഞന്‍ ഫൈ ഫിനോമിനണിനെ (Phi Phenomenon) പ്പറ്റി പഠനങ്ങള്‍ നടത്തി. ഇരുട്ടില്‍ ഒരു ചെറിയ നേരിയ വിടവിലൂടെ പ്രകാശരശ്മി അല്പനേരത്തേക്ക് ഒന്നു മിന്നിക്കുന്നു. തുടര്‍ന്ന് അതിനടുത്ത് സ്വല്പം ദൂരെ അതേപോലുള്ള മറ്റൊരു വിടവിലൂടെ മറ്റൊരു പ്രകാശം മിന്നിക്കുന്നു. രണ്ടു പ്രകാശവും തമ്മിലുള്ള ദൂരം, സമയവ്യത്യാസം ഇവ പ്രത്യേകം അളവുകളിലാക്കുമ്പോള്‍ ഒരു പ്രകാശം ആദ്യത്തെ സ്ഥാനത്തുനിന്ന് മറ്റെ സ്ഥാനത്തേക്ക് ചാടുന്നതായി കാണപ്പെടുന്നു. ഇതാണ് ഫൈ ഫിനോമിനണ്‍. സിനിമ കാണുമ്പോള്‍ വ്യത്യസ്ത നിശ്ചല ചിത്രങ്ങളില്‍ നാം ചലനം ദര്‍ശിക്കുന്നത് ഇതേ തത്ത്വപ്രകാരമാണ്. ഇന്ദ്രിയോത്തേജനങ്ങളില്‍ നിന്ന് നാം സംവേദനങ്ങള്‍ നിര്‍മിക്കുന്ന രീതി, അതിന്റെ പിന്നില്‍ തലച്ചോറില്‍ ഉണ്ടാകാവുന്നതായ മാറ്റങ്ങള്‍ ഇവയെപ്പറ്റി പഠിക്കാന്‍ ഫൈ ഫിനോമിനണ്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ പ്രയോജനപ്പെട്ടു.

വോള്‍ഫ്ഗാങ് കോഹ്ളെര്‍ (Wolfgang Kohler), കുര്‍ട്ട് കോഫ്ക്ക (Kurt Koffka) എന്നിവരാണ് അനുഭവങ്ങള്‍ വഴി പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെപ്പറ്റി പഠനങ്ങള്‍ നടത്തിയത്. പഠനത്തെപ്പറ്റിയുള്ള ബിഹേവിയറിസ്റ്റ് സിദ്ധാന്തത്തിന് കടകവിരുദ്ധമായ ഒരു സിദ്ധാന്തത്തിന് ഇവര്‍ രൂപം കൊടുത്തു. ബിഹേവിയറിസ്റ്റ് സിദ്ധാന്തമനുസരിച്ച് പഠനം യാന്ത്രികമായ ഒരു പ്രക്രിയയാണ്. ഒരു പുതിയ സന്ദര്‍ഭത്തില്‍ ജീവികള്‍ പലതരത്തിലുള്ള പ്രതികരണങ്ങള്‍ കാണിക്കുകയും ഇവയില്‍ ഏറ്റവും നല്ല ഫലങ്ങള്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങള്‍ സ്ഥിരപ്പെടുകയും ചെയ്യുന്നു. ഈ അഭിപ്രായമനുസരിച്ച് പഠനം സാവധാനത്തില്‍ ക്രമാനുക്രമമായി യാദൃച്ഛിക പ്രതികരണങ്ങളും അവയുടെ ഫലങ്ങളും (trial and error) അനുസരിച്ച് നടക്കുന്നു. ചോദകങ്ങളും പ്രതികരണങ്ങളും തമ്മില്‍ തലച്ചോറിലുള്ള ബന്ധങ്ങള്‍ മാറുന്നതാണ് പഠനമെന്ന് ബിഹേവിയറിസ്റ്റുകള്‍ കരുതുന്നു.

ഗെസ്റ്റാള്‍ട്ട് സിദ്ധാന്തപ്രകാരം പ്രശ്നം ഉള്‍ക്കൊള്ളുന്ന സന്ദര്‍ഭത്തിന്റെ സംവേദനത്തില്‍ പെട്ടെന്ന് സംഭവിക്കുന്ന പുനര്‍ക്രമീകരണമാണ് പഠനം. മൃഗങ്ങളെ ഉപയോഗിച്ചു നടത്തിയ നിരവധി പഠനങ്ങളിലൂടെ ഈ തത്ത്വം അവര്‍ വിശദമാക്കി. ഒരു പരീക്ഷണത്തില്‍ ഒരു മനുഷ്യക്കുരങ്ങിനെ ഒരു കൂട്ടിലിട്ടു കൂടിനു വെളിയില്‍ ഒരു പഴം വച്ചു. കൂട്ടിനകത്ത് ഒരു കമ്പു വച്ചിട്ടുണ്ടായിരുന്നു. കുരങ്ങ് അഴികള്‍ക്കിടയിലൂടെ പഴം എത്തിപ്പിടിക്കാന്‍ വിഫല ശ്രമങ്ങള്‍ നടത്തി. പെട്ടെന്ന് കുരങ്ങ് കമ്പെടുത്തു. അതുപയോഗിച്ച് പഴം കൂട്ടിലേക്ക് തട്ടിയെടുത്തു. കമ്പ്, കൂട്, പഴം ഇവ ചേര്‍ന്നുള്ള മൊത്തം സംവേദനത്തില്‍ മാറ്റമുണ്ടാവുകയും കമ്പിനെ പഴം എടുക്കുന്നതുമായി ബന്ധപ്പെടുത്തി കാണുകയും ചെയ്തതുകൊണ്ടാണ് കുരങ്ങിന് പെട്ടെന്ന് പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞത്. അതുപോലെ മറ്റൊരു പരീക്ഷണത്തില്‍ പഴം മുകളില്‍ കെട്ടിത്തൂക്കുകയും കൂട്ടിനുള്ളില്‍ ഒരു സ്റ്റൂള്‍ വയ്ക്കുകയും ചെയ്തു. പഴം കരസ്ഥമാക്കാനുള്ള ശ്രമത്തിനിടയില്‍ പെട്ടെന്ന് കുരങ്ങ് സ്റ്റൂള്‍ വലിച്ചുകൊണ്ട് വന്ന് അതില്‍ കയറിനിന്ന് പഴം കൈക്കലാക്കി. ഇപ്രകാരം പെട്ടെന്ന് മാനസികമായി പ്രശ്നപരിഹാരം കാണുന്ന പ്രക്രിയയ്ക്കു ഉള്‍ക്കാഴ്ച (insight) എന്നു നാമകരണം ചെയ്തു. മറ്റു പലതരം മൃഗങ്ങളിലും വിഭിന്ന ചുറ്റുപാടുകളില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു വേലിയുടെ മറ്റേ വശത്ത് ആഹാരം വച്ചിട്ടു പട്ടിയെ ആഹാരത്തിനു സമീപം വേലിയുടെ ഈ വശത്തു തുറന്നു വിടുക. വേലിചാടാന്‍ പട്ടി കുറെ സമയം ശ്രമിക്കുന്നു. പെട്ടെന്ന് വേലിക്കുചുറ്റും ഓടി മറുവശത്തെത്തി ആഹാരം കൈക്കലാക്കുന്നു. ഒരിക്കല്‍ ഒരു സന്ദര്‍ഭത്തില്‍ പഠിച്ച മാര്‍ഗം അതുമായി സാദൃശ്യമുള്ള മറ്റു സന്ദര്‍ഭങ്ങളില്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ മൃഗങ്ങള്‍ക്കു സാധിക്കും. ഏതെങ്കിലും ഒരു ചോദകവുമായി ഒരു പ്രതികരണം യാന്ത്രികമായി ബന്ധപ്പെടുത്തുന്നതല്ല അഭ്യസനം എന്നു മറ്റനേകം പരീക്ഷണങ്ങള്‍ വഴി സ്ഥാപിക്കുകയുണ്ടായി. ഉദാഹരണമായി വിഭിന്ന നിറങ്ങളിലുള്ള മൂന്നു പെട്ടികളില്‍ ഒരെണ്ണത്തില്‍ ആഹാരസാധനം വയ്ക്കുന്നു എന്നിരിക്കട്ടെ. മൂന്നെണ്ണത്തില്‍ ഏറ്റവും കടുത്ത നിറമുള്ളതോ ഏറ്റവും ഇളം നിറമുള്ളതോ ആയ പെട്ടികയിലല്ല, ഇടനിറമുള്ള പെട്ടിയിലാണ് ആഹാരം വയ്ക്കുന്നതെന്നിരിക്കട്ടെ. ഇതു നല്ലവണ്ണം ശീലിച്ച കോഴി പുതിയ ഒരു സെറ്റു പെട്ടികള്‍ വയ്ക്കുമ്പോള്‍ മുമ്പ് ആഹാരം കിട്ടിയ പാത്രം ഉപേക്ഷിച്ച് പുതിയ സെറ്റില്‍ ഇടനിറമുള്ള പെട്ടിയില്‍ ആഹാരം തേടും. ചുരുക്കത്തില്‍ നിറങ്ങള്‍ തമ്മിലുള്ള ഒരു ബന്ധം അഥവാ ഒരു ആപേക്ഷികതയാണ് ആഹാരവുമായി ബന്ധപ്പെടുന്നത്. അതുപോലെ ഒരു മേസില്‍ (Maze) ശരിയായ പാതയിലൂടെ തെറ്റാതെ ഓടാന്‍ പഠിച്ച എലി മേസില്‍ വെള്ളം നിറച്ചാല്‍ ശരിയായ പാതയിലൂടെ നീന്തുന്നു. ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ പുതിയ ഒരു തടസം വച്ചാല്‍ മനസ്സില്‍ ഒരു മാപ്പ് ഉണ്ടെന്നു തോന്നിക്കത്തക്കവണ്ണം എലി വഴിമാറി പിന്നെയുള്ള ഏറ്റവും ചെറിയ പാത സ്വീകരിക്കുന്നു. അഭ്യസനത്തില്‍ ഏതെങ്കിലും ഒരു സെറ്റ് ശാരീരിക ചലനങ്ങള്‍ യാന്ത്രികമായി അഭ്യസിക്കുകയല്ല, നേരെമറിച്ച് സംവേദനങ്ങളില്‍ മാറ്റം വരികയാണ് ചെയ്യുന്നതെന്ന് ഈ പരീക്ഷണങ്ങള്‍ കാണിക്കുന്നു.

ഫ്രിറ്റ്സ് പേള്‍സ് (Fritz Pearls) ഗെസ്റ്റാള്‍ട്ട് തെറാപ്പി എന്ന പേരില്‍ ഒരു ചികിത്സാസമ്പ്രദായം ആവിഷ്കരിച്ചിട്ടുണ്ട്. ചെറുപ്പകാലങ്ങളിലെ തിക്താനുഭവങ്ങളും മറ്റും വ്യക്തിയുടെ ആത്മസങ്കല്പത്തിലും താനും ലോകവുമായുള്ള ബന്ധത്തെ സംബന്ധിക്കുന്ന സംവേദനങ്ങളിലും അപൂര്‍ണതയും പാളിച്ചയും ഉണ്ടാക്കുന്നു. ഈ സംവേദനങ്ങള്‍ ഭൂതകാലം ഓര്‍മിക്കുന്നതിലൂടെയും ചര്‍ച്ചയിലൂടെയും മാറ്റുന്നതുവഴി വ്യക്തിക്ക് പൂര്‍ണതാനുഭവം ലഭ്യമാക്കുന്നു. വ്യക്തി ഭാവിഭൂതങ്ങളെ വിട്ട്, ആധിയും നിരാശയും വെടിഞ്ഞ്, വര്‍ത്തമാനകാലത്തിലേക്കു വരുന്നു.

ഗെസ്റ്റാള്‍ട്ടിന്റെ മനഃശാസ്ത്രം അതിന്റെ ആശയങ്ങള്‍ സുനിശ്ചിതമായി നിര്‍വചിക്കുന്നില്ല. ബിഹേവിയറിസത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നതിനുപരിയായി സ്വന്തം നിയമങ്ങള്‍ വ്യക്തമായി തെളിയിക്കാനോ സ്ഥാപിക്കാനോ അതിനു കഴിഞ്ഞിട്ടില്ല എന്നൊക്കെയുള്ളതാണ് മുഖ്യ വിമര്‍ശനങ്ങള്‍.

സാമൂഹിക മനഃശാസ്ത്രം, ലളിതകലകളുടെ മനഃശാസ്ത്രം ഇവയിലാണ് ഗെസ്റ്റാള്‍ട്ട് മനഃശാസ്ത്രത്തിന്റെ സ്വാധീനം കൂടുതല്‍ കാണുന്നത്. ആധുനിക ശാസ്ത്രത്തിലെ ഹോളിസം (holism), സിസ്റ്റംസ് സമീപനം (systems approach), ഫീല്‍ഡ് തിയറി (field theory) എന്നിവയ്ക്ക് ഗെസ്റ്റാള്‍ട്ട് സമീപന രീതിയുമായി സാമ്യമുണ്ട്.

(ഡോ. വി. ജോര്‍ജ് മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍